വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി സര്‍ക്കാര്‍; കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

Jaihind Webdesk
Saturday, December 7, 2024

 

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും. നിരക്ക് വർധനവിനെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.

ഡിസംബറിൽ ഏർപ്പെടുത്തിയ സർചാർജ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഒഴിവാക്കാത്ത പശ്ചാത്തലത്തിൽ നിരക്ക് വർധനവിലൂടെ ശരാശരി 35 പൈസ വരെ യൂണിറ്റിന് അധികം നൽകേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ജനങ്ങളുടെ മേൽ അധിക ഭാരമായി അടിച്ചേൽപ്പിച്ച വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കോൺഗ്രസിന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തും.

നിരക്ക് വർധനയിലൂടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണെന്ന്  കെപിസിസി അധ്യക്ഷനും കുറ്റപ്പെടുത്തി.

വൈദ്യുതി നിരക്ക് വർധന ചെറുതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അവകാശപ്പെടുമ്പോൾ ജനങ്ങൾക്ക് മേൽ കനത്ത ഭാരം തന്നെയാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഡിസംബറിൽ ഏർപ്പെടുത്തിയ സർചാർജ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഒഴിവാക്കാത്ത പശ്ചാത്തലത്തിൽ നിരക്ക് വർധനവിലൂടെ ശരാശരി 35 പൈസ വരെ യൂണിറ്റിന് അധികം നൽകേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. ബോർഡ് ഒക്ടോബറിൽ ചെലവിട്ട 27.43 കോടി രൂപയുടെ ബാധ്യത തീർക്കാൻ യൂണിറ്റിന് 10 പൈസയും, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള അധികച്ചെലവ് നികത്താൻ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ഈടാക്കുന്ന ഒമ്പതുപൈസയും ചേർത്ത് യൂണിറ്റിന് 19 പൈസയാണ് സർചാർജ് ആയി ഈടാക്കുന്നത്.

ഇപ്പോൾ കൂട്ടിയ 16 പൈസയ്ക്ക് പുറമേ സർചാർജ് കൂടി ചേർക്കുമ്പോൾ ഫലത്തിൽ 35 പൈസ യൂണിറ്റിന് അധികം നൽകേണ്ട അവസ്ഥയിലാണ് ജനങ്ങൾ . ജനുവരിയിലും സർചാർജ് തുടരുമോ എന്ന കാര്യത്തിൽ ഈ മാസം അവസാനമാകും തീരുമാനമുണ്ടാകുക. ജനങ്ങൾക്ക് ഇരുട്ടടി നൽകി വിവിധ പേരുകളിലും മാർഗങ്ങളിലും ജനങ്ങളുടെ തലയിൽ വൈദ്യുതി ബോർഡ് അധികാഭാരം അടിച്ചേൽപ്പിക്കുകയാണ്. അന്യായ നിരക്ക് വർദ്ധനവിനെതിരെ കോൺഗ്രസിന് പിന്നാലെ യുഡിഎഫും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.