ഉറ്റചങ്ങാതിമാര്‍ക്ക് കണ്ണീര്‍മടക്കം; വിദ്യാർത്ഥികളുടെ അപകടത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം, പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

Jaihind Webdesk
Tuesday, December 3, 2024

 

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന്  കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നത് 11 വിദ്യാർഥികളാണ്. അഞ്ചുപേരാണ് മരിച്ചത്. ആകെ 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 11 പേർ കാറിലും രണ്ടുപേർ ബൈക്കിലുമായിരുന്നു. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.

പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.

അതേസമയം വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. മലപ്പുറം സ്വദേശി ദേവാനന്ദിന്‍റെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ അരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ആദ്യം നടത്തിയേക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. വണ്ടാനത്തെ പൊതുദര്‍ശനത്തിന് ശേഷം ആംബുലന്‍സുകളില്‍ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.