അതി തീവ്രമഴ തുടരുന്നു: മലപ്പുറം, കുട്ടനാട് സമീപ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം; 5 ജില്ലകളിൽ റെഡ് അലർട്ട്, കണ്‍ട്രോൾ റൂമുകൾ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Monday, December 2, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ 5 ജില്ലകളിൽ റെഡ് അലർട്ട് തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ ശക്തമായ മഴയില്‍ മലപ്പുറം, കുട്ടനാട് സമീപ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി.  മലപ്പുറം വഴിക്കടവിൽ കനത്ത മഴയിൽ ആദിവാസി നഗർ ഒറ്റപ്പെട്ടു. പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കൽ നഗറുകൾ ഒറ്റപ്പെട്ടത്. നീലഗിരി, വഴിക്കടവ് മേഖലകളിലെ കനത്ത മഴയാണ് പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണം. കുട്ടനാട് ആനാറ്റുപുറം ചൂതനടി പടിഞ്ഞാറെ ബ്ലോക്ക് പാടശേഖരത്ത് മടവീണു . രണ്ട് ദിവസം തോരാതെ പെയ്ത മഴയാണ് മട വീഴ്ചയ്ക്ക് കാരണം . വിത ഇറക്കി 24 ദിവസം പിന്നിട്ടപ്പോഴാണ് മട വീഴ്ച ഉണ്ടായത് . ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.

അതേസമയം അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് ഭരണകൂടം നിര്‍ദ്ദേശം നല്‍കി.