വയനാടിനോട് നന്ദി പറഞ്ഞ് പ്രിയങ്ക; ഇന്ന് മാനന്തവാടിയിലും ബത്തേരിയിലും കൽപ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു, വൈകുന്നേരം മടക്കം

Jaihind Webdesk
Sunday, December 1, 2024

 

കൽപ്പറ്റ: രണ്ടാം ദിനം വയനാട് സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി.  ഇന്ന് രാവിലെ മാനന്തവാടിയിലും ഉച്ചയോടെ സുൽത്താൻ ബത്തേരിയിലും കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു. വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇരുവർക്കും വൻ സ്വീകരണമാണ് കോൺഗ്രസ് നേതൃത്വം ഏർപ്പെടുത്തിയത്.

കരിപ്പൂരിൽ നിന്ന് കോഴിക്കോട് മുക്കത്തേയ്ക്കാണ് പ്രിയങ്കയും രാഹുലും ആദ്യം എത്തിയത്. ഇവിടെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഇരുവരും പങ്കെടുത്തു. ഇന്നലെ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് പ്രിയങ്കയ്ക്കായി സ്വീകരണ സമ്മേളനം ഒരുക്കിയിരുന്നത്. ലോക്സഭയിലേക്ക് വൻ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ  സന്ദർശനത്തിനെത്തിയത്.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുനേരെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയും നൽകേണ്ട സഹായം വൈകുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം വയനാട് കലക്ടറേറ്റിലേക്ക്  മാര്‍ച്ചില്‍ നടത്തിയിരുന്നു. അതില്‍ യൂത്ത്കോൺഗ്രസ് പ്രവർത്തർക്കെതിരായ പോലീസ് ലാത്തിച്ചാർജ്ജിനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. രാത്രിയിലെ യാത്രാ പ്രശ്നവും വന്യജീവി പ്രശ്നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു.

വയനാട്ടിലെ ജനങ്ങളോടെപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് പ്രിയങ്ക മടങ്ങിയത്. ഇന്ന് വയനാട്ടിലെ സ്വീകരണ പരിപാടി കഴിഞ്ഞ്  വൈകുന്നേരത്തോടെ അവര്‍ കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.