വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ശക്തമായി പ്രതിഷേധിച്ചു. 5 തവണയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കണ്ണീര് വാതകവും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
2024 ജൂലൈ 30നാണ് കേരളത്തെ ഞടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ തീരാ ദുരിതത്തിലാണ്. ദുരന്തം നേരിട്ടു ബാധിച്ചവരും ജീവനോപാധികള്‍ നഷ്ടപ്പട്ടവരും അടുത്ത പ്രദേശത്തു താമസിക്കുന്നവരുമൊക്കെ വലിയ പ്രയാസങ്ങളിലൂടെ കടന്നുപോകുന്നു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്. അനിശ്ചിതത്ത്വത്തിലൂടെ അവര്‍ കടന്നുപോകുമ്പോള്‍ സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത്. അവരെ തല്ലിയൊതുക്കുന്നതുകൊണ്ട് പ്രശ്നം തീരില്ലെന്നു സര്‍ക്കാര്‍ ഓര്‍ക്കുന്നതു നല്ലതാണെന്നു സുധാകരന് ചൂണ്ടിക്കാട്ടി. അക്രമം അഴിച്ചുവിട്ട പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കൂടുതല്‍ സമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്തുവരുമെന്നും സുധാകരന് അറിയിച്ചു.