ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ കനത്ത മഴ, ജനജീവിതം സ്തംഭിച്ചു, വിമാനത്താവളം താൽക്കാലികമായി അടച്ചു

Jaihind Webdesk
Saturday, November 30, 2024

 

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. 7 ജില്ലകളിൽ റെഡ് അലർട്ടും 9 ഇടത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഉണ്ട്. സ്വകാര്യ കമ്പനികളുടെ അടക്കം വിമാന സർവീസിനെയും ബാധിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താൽക്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകി വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ചെന്നൈ ഡിവിഷനിലെ എല്ലാ സബർബൻ സെക്ഷനുകളിലും ലോക്കൽ ട്രെയിനുകൾ കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്.

കനത്ത മഴ ചെന്നൈയില്‍ പലയിടത്തും വെള്ളക്കെട്ടിന് കാരണമായി, താഴ്ന്ന പ്രദേശമായ മടിപ്പാക്കത്തെ നിവാസികൾ അവരുടെ വാഹനങ്ങൾ അടുത്തുള്ള വേളാച്ചേരി മേൽപ്പാലത്തിന്‍റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തു. പൊതുജനങ്ങള്‍ക്ക് സഹായത്തിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് 112, 1077 എന്നീ ടോൾ ഫ്രീ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. 9488981070 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയും ആളുകൾക്ക് സഹായം തേടാം.