പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹപാഠി അറസ്റ്റില്‍. അറസ്റ്റിലായത് ആലപ്പുഴ നൂറനാട് സ്വദേശിയാണ്. പ്രതിയുടെ പ്രായം 18 വയസും ആറ് മാസവുമാണ്. അറസ്റ്റിലേക്ക് നയിച്ചത് വിദ്യാര്‍ത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തത് പോക്സോ വകുപ്പുകള്‍ ചുമത്തിയാണ്.
പനിയെ തുടര്‍ന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാര്‍ഥിനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത് ഇക്കഴിഞ്ഞ 22 ആം തീയതിയാണ്. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. അഞ്ചുമാസം ഗര്‍ഭിണി എന്ന് കണ്ടെത്തിയത്, സംശയം തോന്നി പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് .
സ്കൂള്‍ ബാഗില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് വ്യക്തമായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ അമിത അളവില്‍ പെണ്‍കുട്ടി മരുന്നു കഴിച്ചെന്ന് കണ്ടെത്തിയിരുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനോടുക്കാനും 17കാരി ശ്രമിച്ചു കാണുമെന്നാണ് പോലീസ് നിഗമനം. പോക്സോ വകുപ്പ് ചുമത്തിയത് പോസ്റ്റ്മോര്‍ട്ടത്തില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയശേഷമാണ്. പ്രതിയായ സഹപാഠി നല്കിയ മൊഴി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ്.