കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക് . സേവ് സിപിഎം പ്ലക്കാര്‍ടുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുലശേഖരപുരം നോര്‍ത്ത് സിപിഎം ലോക്കല്‍ സമ്മേളനം കഴിഞ്ഞദിവസം തല്ലി പിരിഞ്ഞതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ പോസ്റ്റര്‍ യുദ്ധവും തെരുവ് യുദ്ധവും ആരംഭിച്ചത്. നേതൃത്വത്തെ തുറന്ന് വിമര്‍ശിച്ചാണ് ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ കൊല്ലം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
കടുത്ത വിഭാഗീയതയും ചേരിതിരിവും കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. കാപ്പ ,ഗുണ്ടാ , ലൈംഗിക ആരോപണ കേസുകളില്‍പ്പെട്ടവരെ ഭാരവാഹികളാക്കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞദിവസം ലോക്കല്‍ സമ്മേളനത്തില്‍ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. സമ്മേളനം തല്ലി പിരിഞ്ഞതിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വ്യാപകമായി സേവ് സിപിഎം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പാര്‍ട്ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.