ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്

Jaihind Webdesk
Thursday, November 28, 2024

 

ആലപ്പുഴ: നവജാതശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയെന്ന പരാതിയിൽ 4 ഡോക്ടർമാര്‍ക്കെതിരെ കേസ് . ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. നിലവിൽ ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞുള്ളത് .

കൂടാതെ സ്വകാര്യ ലാബിൽ സ്കാനിങ്ങിന് ചെന്നപ്പോൾ ഡോക്ടർ ഇല്ലാതെയാണ് സ്കാൻ ചെയ്തത് എന്ന ആരോപണവും ഉയർന്നുവരുന്നു . ഇതിൽ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയൂം കേസെടുത്തിട്ടുണ്ട് . സംഭവത്തില്‍ കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവർത്തകർ കടപ്പുറം ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കുഞ്ഞിന്‍റെയും മാതാവിന്‍റെയും ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അര മണിക്കൂറോളം ഉപരോധം നീണ്ടു.സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.