കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.
പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. മരിക്കുന്നതിനു മുൻപുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കുടുംബം അറിയിച്ചു. ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
സിപിഎം നേതൃത്വത്തെയോ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പോലീസിനെയോ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ്, സിബിഐ അന്വേഷണമെന്ന ആവശ്യത്തിലൂടെ എഡിഎം കെ.നവീൻ ബാബുവിന്‍റെ കുടുംബം നടത്തിയിരിക്കുന്നത്. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താനല്ല, അദ്ദേഹം കൈക്കൂലിക്കാരനാണെന്നു വരുത്താനുള്ള തെളിവുകളാണ് പോലീസ് അന്വേഷിക്കുന്നതെന്ന ആരോപണവും ആദ്യം മുതലുണ്ട്. അന്വേഷണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിശ്വാസമില്ലെന്നും കുടുംബം പറയുന്നുണ്ട്.
മഞ്ജുഷയുടെ ഹർജിയില്‍ പറയുന്നത്;
“പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എ ഡി എമ്മിന്‍റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്നതിൽ വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്‍റെ നിലപാട്. നവീന്‍ ബാബുവിനെ ആരെങ്കിലും കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ലായെന്നും യാത്രയയപ്പു ചടങ്ങിനു ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നു എന്നുമാണ് ഹർജിയിൽ കുടുംബം ആരോപിക്കുന്നത്. ഇന്‍ക്വിസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, എന്നാൽ കുടുംബം എത്തുന്നതിനു മുന്നേ നടപടികൾ പൂർത്തിയാക്കി. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പി.പി. ദിവ്യയ്ക്ക് ഭരണകക്ഷിയായ സിപിഎമ്മിന്‍റെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ് എന്നുമായിരുന്നു നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ വാദം”.