അതിദാരുണം ഈ കാഴ്ച; തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി 5 മരണം; 7 പേർക്ക് പരിക്ക്, ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

Jaihind Webdesk
Tuesday, November 26, 2024

 

തൃശൂർ: നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. പരുക്കേറ്റ ഏഴ് പേരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് തടി കയറ്റി പോയിരുന്ന ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അന്വേഷണത്തിൽ ലൈസൻസ് ഇല്ലാത്ത വാഹനത്തിന്‍റെ ക്ലീനർ അലക്സ് മദ്യപിച്ച് വാഹനമോടിച്ചതെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തി. വാഹനത്തിന്‍റെ യഥാർത്ഥ ഡ്രൈവർ കണ്ണൂർ സ്വദേശി ജോസും മദ്യപിച്ച് വാഹനത്തിൽ ഉണ്ടായിരുന്നു.

ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള 7 പേരിൽ 3 പേരുടെ നില ഗുരുതരമാണ്.

പൊതുവിടങ്ങളിൽ അന്തിയുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തിൽപ്പെട്ട സംഘത്തോട് മാറി താമസിക്കണമെന്ന് പോലീസ് അറിയിച്ചു എന്നാണ് പ്രാഥമിക നിഗമനം. ലോറി കിടന്ന സ്ഥലത്തേക്ക് സിറ്റി പോലീസ് കമ്മീഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ലോറി പുറപ്പെട്ടപ്പോൾ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലോറിയോടിച്ച ക്ലീനർ കണ്ണൂർ സ്വദേശി അലക്സിന് ലൈസൻസില്ല. ഡ്രൈവർ ജോസ് ക്ലീനർ അലക്സിന് വണ്ടി കൈമാറിയത് പൊന്നാനിയിൽ വെച്ചാണ്. അതിനുശേഷമാണ് ഡിവൈഡറും ബാരിക്കേഡും കാണാതെ വാഹനം മുന്നോട്ട് എടുക്കുന്നത്. 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കിടയിലേക്ക് വണ്ടി പാഞ്ഞുകയറിയത്. അടച്ചിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു പറഞ്ഞു.