സംഭലിലുണ്ടായ അക്രമാസക്തമായ സംഘര്‍ഷത്തിന് ഉത്തരവാദി യുപിയിലെ ബിജെപി സര്‍ക്കാര്‍ ; ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, November 25, 2024


ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലുണ്ടായ അക്രമാസക്തമായ സംഘര്‍ഷത്തിന് ഉത്തരവാദി യുപിയിലെ ബിജെപി സര്‍ക്കാരെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍ക്കാരിന്റെ പക്ഷപാതപരമായ സമീപനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം വിമര്‍ശനമുന്നയിച്ചു. അക്രമത്തിലും വെടിവെപ്പിലും മരിച്ചവര്‍ക്ക് അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘എല്ലാ കക്ഷികളുടേയും വാക്കുകള്‍ കേള്‍ക്കാതെയുള്ള ഭരണകൂടത്തിന്റെ നിര്‍വികാരമായ നടപടി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതാണ് നിരവധി ആളുകളുടെ മരണത്തിന് കാരണമായത്. ഇതിന് ബിജെപി സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണ്. ബിജെപി ഹിന്ദു- മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന് ശ്രമിക്കുന്നു. എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണ’മെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

‘സമാധാനവും പരസ്പര ഐക്യവും നിലനിര്‍ത്തണമന്നാണ് എന്റെ അഭ്യര്‍ഥന. വര്‍ഗീയതയും വിദ്വേഷത്തിലൂടെയുമല്ല, ഐക്യത്തിന്റെയും ഭരണഘടനയുടെയും പാതയിലൂടെയാണ് ഇന്ത്യ മുന്നേറേണ്ടതെ’ന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.