മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

Jaihind Webdesk
Sunday, November 24, 2024

ആലപ്പുഴ: ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.

11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്.  9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്.  മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത. റേഷന്‍ കാര്‍ഡില്‍നിന്ന് വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ നീക്കില്ല.കിടപ്പുരോഗികള്‍ , അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.