തിരുവനന്തപുരം: കനത്ത തിരിച്ചടിയായ ഉപതിരഞ്ഞെടുപ്പ് പരാജയം സിപിഎം പരിശോധിക്കും. പാലക്കാട്ടെ പ്രചരണ തന്ത്രങ്ങള്‍ പാളിയതും തിരിച്ചടിയായതും പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കും. പെട്ടി വിവാദവും പരസ്യ വിവാദവും തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.
ഉപ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി സിപിഎം നേതൃത്വം ആഴത്തില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതിനൊപ്പം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന പ്രാഥമിക വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പി പി ദിവ്യാ വിവാദം ആളിക്കത്തി പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയില്‍ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ പിന്നീടിങ്ങോട്ട് സിപിഎം ചുവടുകള്‍ ഒന്നൊന്നായി പിഴയ്ക്കുകയായിരുന്നു. പാലക്കാട്ട് ശക്തനായ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ വട്ടം ചുറ്റുന്നതിനിടയില്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞെത്തിയ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിന്റെ നിലപാട് തന്നെ പാര്‍ട്ടിയിലെ വലിയൊരു നിരയും അണികളും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇങ്ങോട്ട് പ്രചരണ തന്ത്രങ്ങളിലും പാര്‍ട്ടിക്ക് അടി തെറ്റുകയായിരുന്നു. പെട്ടി വിവാദവും പരസ്യ വിവാദവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാര്‍ട്ടിയെ തിരിഞ്ഞുകുത്തി , പെട്ടി വിവാദത്തെ പരസ്യമായി തള്ളി എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത് വന്നത് പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയും ചേരിതിരിവും കൂടുതല്‍ പ്രകടമാക്കി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുര്‍വിനിയോഗം ചെയ്ത് മന്ത്രി എം ബി രാജേഷ് പാലക്കാട്ട് ക്യാമ്പ് ചെയ്തു നടത്തിയ എല്ലാ നീക്കങ്ങളും പാളിപ്പോകുകയായിരുന്നു. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദമാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. ചേലക്കരയിലെ നിറം മങ്ങിയ വിജയവും വയനാട്ടിലെ കനത്ത പരാജയവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആകുകയാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടന്‍ ചേരും.