ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ പ്രിയങ്ക ഗാന്ധി മറികടക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ്‌

Jaihind Webdesk
Friday, November 22, 2024

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. വിജയം സുനിശ്ചിതമാണെന്ന് എല്‍ഡിഎഫും എന്‍ഡിഎയും പറയുമ്പോഴും,  രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ പ്രിയങ്ക ഗാന്ധി മറികടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാണാന്‍ സാധിച്ചത് പ്രിയങ്ക ഗാന്ധിക്ക് വയനാട് നല്‍കിയ സ്‌നേഹവും സ്വീകാര്യതയുമാണ്.
പോളിങ് ശതമാനം കുറവ് സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ആളുകള്‍ വോട്ട് ചെയ്യാന്‍ എത്താത്തതാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.

ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഉണ്ടായില്ല, ഒന്നും ചെയ്തില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികള്‍ പ്രചരണ പരിപാടികള്‍ നടത്തിയത്. പ്രധാനമന്ത്രിയെക്കാള്‍ എംപി ഫണ്ട് വിനിയോഗത്തിലും സ്വന്തം വക നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ വികസന തുടര്‍ച്ച ആഗ്രഹിക്കുന്ന വയനാടന്‍ ജനത പ്രിയങ്ക ഗാന്ധിയെ ചേര്‍ത്തുപിടിച്ചിട്ട് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.