ആന്റണി രാജുവിന് തിരിച്ചടി ; തൊണ്ടി മുതല്‍ കേസില്‍ തുടര്‍നടപടിക്ക് ഉത്തരവിട്ട് സുപ്രീംകോടതി

Jaihind Webdesk
Wednesday, November 20, 2024


ഡല്‍ഹി : മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍ കേസില്‍ തുടര്‍ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ആന്റണി രാജു അടക്കം പ്രതികള്‍ അടുത്ത മാസം 20ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. തൊണ്ടിമുതല്‍ മാറ്റിയെന്ന കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിജെഎം കോടതി അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.