വയനാട് ദുരന്തത്തെയും ദുരന്ത ബാധിതരെയും അപമാനിച്ച് വി.മുരളീധരന്‍

Jaihind Webdesk
Tuesday, November 19, 2024


കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരന്‍ നിസ്സാരവത്കരിച്ചത്. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

മുരളീധരന്റെ ഈ പരാമര്‍ശത്തിനെതിരെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് രംഗത്തുവന്നു. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതാണ്. ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നു. ദുരന്തബാധിതരെ വഴിയിലിട്ട് അമ്മാനമാടാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവല്‍ക്കരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. അടിയന്തര സഹായം നല്‍കാന്‍ എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യമെന്നും അതിന് വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണമെന്നും ആവശ്യപ്പെട്ട സിദ്ദിഖ് സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.