തിരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്രയും ,ജാര്‍ഖണ്ഡും ; നാളെ പോളിങ്

Jaihind Webdesk
Tuesday, November 19, 2024


മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ നാളെയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാന നേതാക്കളെല്ലാം അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുറപ്പാക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പ്പൂര്‍ മേഖലയിലും ശരത് പവാര്‍ ബാരാമതിയിലും ഉദ്ദവ് തക്കറെ ഇന്ന് മുംബൈ മേഖലയിലുമാണ് ഉള്ളത്. അദാനി-നരേന്ദ്ര മോദി കൂട്ടികെട്ടിനായി മഹാരാഷ്ട്രയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനാണ് മഹായുതി സഖ്യം ശ്രമിക്കുന്നതെന്ന ആരോപണം ഇന്നലെ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏറ്റവും അധികം സീറ്റുകളില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. മഹാവികാസ് അഘാടിയിലെയും മഹായുതി സഖ്യത്തിലെയും ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിലനില്പിന്റെ കൂടി പോരാട്ടമാണ്.

ജാര്‍ഖണ്ഡിലെ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പും നാളെയാണ്. 38 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്പന സോറന്‍, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 13ന് നടന്നിരുന്നു. രണ്ടാം ഘട്ടത്തില്‍ ഗോത്ര മേഖലയിലാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ളത്. ആകെ 528സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉള്ളത്. ആകെ 14,218 ബൂത്തുകളില്‍ 900 ബൂത്തുകള്‍ മാവോയിസ്റ്റ് മേഖലകളിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.