സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ; സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

Jaihind Webdesk
Monday, November 18, 2024


പാലക്കാട്: സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കെ. സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണ്. മുഖ്യമന്ത്രി പാലക്കാട്ടെ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

ഹിന്ദു പത്രത്തിലെ വിദ്വേഷത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി ഇന്നലെ പാലക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത്. ഉജ്വലനായ മതേതര നേതാവാണ് പാണക്കാട് തങ്ങള്‍.മുനമ്പം വിഷയത്തില്‍ ഭിന്നിപ്പുണ്ടാകാതിരിക്കാന്‍ പോരാടിയ നേതാവാണ് തങ്ങള്‍. എല്ലാവര്‍ക്കും വഴികാട്ടിയായ മതേതര നിലപാടെടുത്ത നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്.

കെ.സുരേന്ദ്രന്‍ തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെ എന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ശബ്ദവും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ശബ്ദവും ഒന്നാണെന്ന് തെളിയിക്കുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ നിലപാട് കാണിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഓന്തിന്റെ സ്വഭാവം കാട്ടി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ഈ സര്‍ക്കാരിന്റെ വിലയിരുത്തലാവും ഈ തെരഞ്ഞെടുപ്പെന്ന് പറയാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

സംഘപരിവാര്‍ ഉണ്ടാക്കിയ മുനമ്പം വിഷയത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണ്. ബാര്‍ട്ടര്‍ സിസ്റ്റം പോലെ തമ്മിലുള്ള കേസുകള്‍ ഇല്ലാതാക്കുന്ന പരിപാടിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ നടക്കുന്നത്.

ഇരു പാര്‍ട്ടികളും പാലക്കാട് യുഡിഎഫിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. രണ്ടാം സ്ഥാനത്ത് വരാനുള്ള എല്ലാം സ്ഥാനവും സിപിഎം ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം മണിപ്പൂരില്‍ ക്രൈസ്തവരെ പച്ചയ്ക്ക് കത്തിക്കുന്നവര്‍ ഇവിടെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രൈസ്തവ ഭവനങ്ങളില്‍ കയറി ഭിന്നിപ്പുണ്ടാക്കുകയാണ് എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറെന്ന് പറഞ്ഞ എ.കെ ബാലന്‍ ഇന്ന് അദേഹത്തെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണ്. സന്ദീപ് കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ ബിജെപിയെക്കാള്‍ വലിയ കൂട്ടക്കരച്ചിലാണ് സിപിഎമ്മില്‍ എന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം ഇടതുപക്ഷത്തിന് മൂന്നാം സ്ഥാനം മാത്രമേ കിട്ടുകയുള്ളു. ചേലക്കരയും പാലക്കാടും 50 വര്‍ഷമായി കാണാത്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.