മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Jaihind Webdesk
Friday, November 15, 2024


പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നിയുക്ത മേല്‍ശാന്തിമാരാണ് ആദ്യം പടികയറുന്നത്. ഭക്തര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പ്രവേശനം അനുവദിക്കും.

തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി. എന്‍. മഹേഷാണ് നട തുറക്കുന്നത്. മാളികപ്പുറം മേല്‍ ശാന്തി പി. എം. മുരളിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും.

അതെസമയം നിയുക്ത മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇന്ന് ശബരിമലയിലെത്തും. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തില്‍ കെട്ട് നിറ ചടങ്ങുകള്‍ നടന്നു. ഇന്ന് വൈകിട്ടോടെ നിയുക്ത മാളികപ്പുറം മേല്‍ശാന്തിയോടൊപ്പം പതിനെട്ടാംപടി ചവിട്ടും. തുടര്‍ന്ന് മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.