വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; ക്ലൈമാക്സ് കളറാക്കാൻ മുന്നണികൾ; വയനാട്ടിൽ പ്രിയങ്കയുടെയും രാഹുലിന്റെയും റോഡ്ഷോ

Jaihind Webdesk
Monday, November 11, 2024

വയനാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട് ചേലക്കര മണ്ഡലങ്ങളിലെ പ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ നിശ്ശബ്ദപ്രചാരണമാണ് നടക്കുക. മാസം 13 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 23ന് നടക്കും.

ഇന്ന് വയനാട് നടക്കുന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. ബത്തേരിയിലും തിരുവമ്പാടിയിലുമാണു യുഡിഎഫ് റോഡ് ഷോ. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രിയങ്ക ഗാന്ധി പങ്കെടുത്ത എല്ലാ പ്രചാരണ പരിപാടികളിലും വലിയ ജനക്കൂട്ടമാണ് ഉണ്ടായത്.

കൽപറ്റയിലും മുക്കത്തും എൽഡിഎഫ് റാലി നടക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും.

വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരനും, ഇടതുമുന്നണിയുടെ പരിപാടിയില്‍ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും പങ്കെടുക്കും.