എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്താതെ പ്രത്യേക അന്വേഷണ സംഘം,ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ്

Jaihind Webdesk
Thursday, November 7, 2024


പത്തനംതിട്ട : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്താതെ പ്രത്യേക അന്വേഷണ സംഘം. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും തീരുമാനമായില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകന്‍ ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബര്‍ 14 ന്, പെട്രോള്‍ പമ്പ് അപേക്ഷകനായ പ്രശാന്ത് കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലേക്ക് പോകുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആരോപണം ഉന്നയിക്കും മുന്‍പ് കൈക്കൂലി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാന്‍ പ്രതിഭാഗവും ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെയാണ് തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയുക. 9 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ.