പ്രിയങ്ക ഗാന്ധിയുടെ പര്യടനം വയനാട്ടില്‍ തുടരുന്നു; നൂറു കണക്കിനാളുകള്‍ പൊതു യോഗങ്ങളില്‍ പങ്കുചേര്‍ന്നു

Jaihind Webdesk
Tuesday, November 5, 2024

വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ പര്യടനം തുടരുന്നു. തിരുവമ്പാടി ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് പ്രിയങ്ക ഗാന്ധി പര്യടനം നടത്തിയത്. നൂറു കണക്കിനാളുകളാണ് പ്രിയങ്കയുടെ പൊതു യോഗങ്ങളില്‍ എത്തിയത്. കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എം പി യായി കഴിഞ്ഞാല്‍ വയനാട്ടില്‍ വരില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി എം പി ആയി കഴിഞ്ഞാല്‍ ഞാന്‍ എന്നും വയനാട്ടില്‍ വരും എന്നായിരുന്നു. വയനാട്ടില്‍ തന്നെ എപ്പോഴും വരുന്നത് എന്തിനാണെന്ന് ചോദിക്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരി, കൂടരഞ്ഞി, പന്നിക്കോട് എന്നിവിടങ്ങളില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. രാഹുല്‍ ഗാന്ധിയും വയനാടും തമ്മിലുള്ള ആത്മബന്ധവും, രാഹുല്‍ ഗാന്ധിക്ക് വയനാടിനോടുള്ള കരുതലിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയ പ്രിയങ്ക ഗാന്ധി വയനാടന്‍ ജനതയുടെ ആവശ്യങ്ങളെ കുറിച്ചും സംസാരിച്ചു.വയനാടിന് ആവശ്യമായ തന്റെ വികസന സ്വപ്നങ്ങളെ കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചു.

കാര്‍ഷിക ലോണുകളുടെ തിരിച്ചടവിന് കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കര്‍ഷകര്‍ സ്വന്തം ഭൂമി വില്‍ക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്. കാര്‍ഷിക ലോണുകള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.വന്യമൃഗങ്ങളും പക്ഷികളും വിളവ് നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മാത്രമല്ല ഇവിടെ ദുരിതം അനുഭവിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളും നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. നിരവധി ആളുകളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവരില്‍ ഭൂരിപക്ഷം പേരും പറഞ്ഞത് മെഡിക്കല്‍ കോളേജ് ഇല്ലാത്തതിനെ കുറിച്ചാണ്. ഫസ്റ്റ് ക്ലാസ്സ് സൗകര്യമുള്ള മെഡിക്കല്‍ കോളേജാണ് ഇവിടെ വേണ്ടത്.രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും വന്യമൃഗശല്യത്തിനും ശാശ്വത പരിഹാരം കാണാനും നമ്മള്‍ നിരന്തരം സമര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു .അതിന് വേണ്ടി നമ്മള്‍ ഒറ്റകെട്ടായി പരിശ്രമിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാടിന്റെ കായിക മേഖലയിലും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇവിടെയുളള യുവജനങ്ങള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. അതിനും പ്രയത്‌നിക്കും.രാഹുല്‍ ഗാന്ധി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാവുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.  നിങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റിലും, തെരുവിലും, ഏത് വേദിയിലും ഞാന്‍ ശബ്ദം ഉയര്‍ത്തുമെന്ന ഉറപ്പും ഇനിയും കാണാമെന്ന ഉറപ്പും നല്‍കിയാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്‌.