കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയെന്ന് ; കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

Jaihind Webdesk
Saturday, November 2, 2024

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണ് കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി നേരത്തെ പിണറായിയുടെ പൊലീസ് കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണ്.

കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത് പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് . മുഖ്യമന്ത്രിക്കും അതിന്റെ പ്രയോജനം കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. ഈ ഡീലിന്റെ ഭാഗമാണ് മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും. കേരള പോലീസ് കണ്ടെത്തിയത് 2021 ല്‍ ബിജെപി 41.4 കോടിയോളം കേരളത്തിലെത്തിച്ചെന്നാണ്. ഇത്രയും വലിയ തുക കൊണ്ടുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ്.കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ കേന്ദ്രനേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച് അന്വേഷിച്ചതേയില്ല.കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലീസും ഒറ്റച്ചങ്ങാതിമാരായ കേസു കൂടിയാണിത്.

ബിജെപി മുന്‍ ജീവനക്കാരന്റെ തുറന്നുപറച്ചിലിലൂടെ വീണ്ടും തുറന്നത് ഇരുകൂട്ടരും കൂടി കൊട്ടിയടച്ച കേസാണ്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അതു തെളിയിക്കാനുള്ള അവസരമാണിതെന്നും കെ സുധാകരന്‍ പറഞ്ഞു.