തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷന്‍ പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ സാംസ്‌കാരിക വകുപ്പിന് നിര്‍ദേശം നല്‍കി. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് ഹാജരാക്കും. മുന്നറിയിപ്പില്ലാതെ പേജുകള്‍ ഒഴിവാക്കിയതിന് സാംസ്‌കാരിക വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നു.
റിപ്പോര്‍ട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കാനായിരുന്നു കോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേജുകളിലായി 33 പാരഗ്രാഫുകള്‍ ഒഴിവാക്കാമായിരുന്നു വിവരാവകാശ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നത്. മറ്റേതെങ്കിലും ഭാഗങ്ങളില്‍ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങള്‍ ഉണ്ടെങ്കില്‍ സാംസ്‌കാരിക വകുപ്പിന്റെ വിവരാവകാശ കമ്മീഷണര്‍ക്ക് സ്വമേധയാ ഒഴിവാക്കാം, പക്ഷേ, ഒഴിവാക്കുന്ന ഭാഗങ്ങള്‍ ഏതൊക്കെയെന്ന് അപേക്ഷകര്‍ക്ക് കൃത്യമായി വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍, ഈ നിര്‍ദേശത്തിന്റെ പുറത്ത് 144 പാരഗ്രാഫുകള്‍ വിവരാവകാശ കമ്മീഷണര്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ 101 പാരഗ്രാഫുകളുടെ വിവരങ്ങള്‍ മാത്രമേ അപേക്ഷകരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നുള്ളൂ. മുന്നറിയിപ്പില്ലാതെ 33 പാരഗ്രാഫുകള്‍ ഒഴിവാക്കിയെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.