ദുരന്തത്തെപോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ലജ്ജാകരം ; പ്രിയങ്ക ഗാന്ധി

Jaihind Webdesk
Monday, October 28, 2024


വയനാട് : വയനാട് നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വന്യജിവി – മനുഷ്യ സംഘര്‍ഷം അത് നമ്മള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കണമെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വല്‍ക്കരിച്ചു. ദുരന്തത്തെപോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാട്ടിലെ ദുരിതം ദേശിയ ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തത് രാഷ്ട്രിയ കാരണം കൊണ്ടാണ്. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നരേന്ദ്ര മോദി ഇവിടെ സന്ദര്‍ശനം നടത്തിയത് എന്തിനാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്. അശാസ്ത്രീയമായ ജി. എസ്. ടി. ചെറുകിട വ്യാപാരികളെ കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ല. ഏതൊരു പുതിയ വസ്തുവിനും നികുതി ചുമത്തുന്നു. ഒരു സുപ്രഭാതത്തില്‍ പ്രധാനമന്ത്രി നോട്ട് നിരോധിച്ചു. അത് സാധാരണ ജനങ്ങളെയാണ് കഷ്ടപ്പെടുത്തിയത്. വിദ്യാഭ്യാസമുണ്ടായിട്ടും യുവജനങ്ങള്‍ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നില്ല. വയനാടിന് വളരാനുള്ള ഒരുപാട് അവസരങ്ങളുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.