കോഴിക്കോട് : ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരുന്നതിന് എല്‍ഡിഎഫ് എംഎല്‍എയായ തോമസ് കെ.തോമസ് ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ഈ സംഭവത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. അദ്ദേഹത്തിന് അറിവുള്ള വിഷയമാണിത്. എന്നിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയുന്നില്ല. അതിന്റെ വസ്തുത അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ദുരൂഹമാണ്.ജനാധിപത്യത്തെ കോടികള്‍ കൊണ്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.
എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ സിപിഎം നേതാവ് പിപി ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറാകാത്ത പോലീസ് അന്വേഷിച്ചാല്‍ ഈ സംഭവത്തില്‍ സത്യം പുറത്തുവരില്ല. പോലീസിന്റെ തണലിലിലും സിപിഎമ്മിന്റെ സംരക്ഷണത്തിലുമാണ് പിപി ദിവ്യ ഇപ്പോഴും കഴിയുന്നത്. എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന അന്വേഷണത്തിലും ആശങ്കയുണ്ട്. എഡിഎമ്മിന്റെ കുടുംബത്തിനും ഇതേ ആശങ്കയുള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ഉചിതം. പിപി ദിവ്യക്കെതിരെ നടപടിയെടുത്തുയെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കെ.സുധാകരന്‍ പറഞ്ഞു.