തിരുവനന്തപുരം :സിപിഎം ബി ജെ പി ബാന്ധവം വിവാദമുയര്‍ത്തുന്നതിനിടയില്‍ ഇടതുമുന്നണിയില്‍ ബിജെപി സഖ്യത്തിനായി ചാക്കിട്ട് പിടുത്തവും കോഴ ആരോപണവും.എന്‍സിപിയിലെ തോമസ് കെ.തോമസ് രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു നീക്കം നടത്തിയതായ ആരോപണമാണ് ഉയരുന്നത്. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി കോഴ ആരോപണം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഇടതുമുന്നണിയിലെ ഏകാംഗ കക്ഷി എംഎല്‍എമാരായ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു,ആര്‍എസ്പി ലെനിനിസ്റ്റിലെ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചത്.ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരുവാനായിരുന്നു ഇരുവര്‍ക്കും ക്ഷണമുണ്ടായത്.എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കമെന്നാണ് സൂചന.
കേരള രാഷ്ട്രിയത്തില്‍ സുപരിചിതമല്ലാത്ത ചാക്കിട്ടുപിടുത്തത്തിനും കോഴ ഇടപാടിനും തോമസ് കെ. തോമസ്
ഇടനിലക്കാരനായി നീക്കം നടത്തിയെന്ന ഗുരുതര ആരോപണമാണ് ഇടതു രാഷ്ട്രിയത്തെ പിടിച്ചുലയ്ക്കുന്നത്.തോമസ് കെ തോമസ് ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിയ്ക്കു കത്ത് നല്‍കിയെങ്കിലും ആന്റണി രാജു ചില വസ്തുതകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പിണറായി വിജയന്‍ പാര്‍ട്ടി വേദിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ആന്റണി രാജു ആരോപണം നിഷേധിച്ചിട്ടുമില്ല.അതെസമയം ആരോപണം നിഷേധിച്ച കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന് സ്ഥിരീകരിച്ചു.
നേരത്തെ നടന്ന നിയമസഭ സമ്മേളനത്തിനിടയില്‍നിയമസഭയുടെ ലോബിയിലാണ് കോഴ ചര്‍ച്ച നടന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.തോമസ് കെ. തോമസിനെതിരെ ഉയര്‍ന്ന ഈ ആരോപണമാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനത്തിന് തടയിടുവാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.സിപിഎം ബിജെപി ബാന്ധവം വിവാദം ഉയര്‍ത്തുന്നതിനിടയിലാണ് രണ്ട് ഇടത് എംഎല്‍എമാരെ ബിജെ പി പാളയത്തില്‍ എത്തിക്കുവാന്‍ ഇടത് എം എല്‍ എ നടത്തിയകോഴ വിവാദം പുറത്തുവരുന്നത്. കോഴ ആരോപണം കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ്.