നടന്‍ സിദ്ദിഖിന്റെ ബലാത്സംഗക്കേസ് ; മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി, ഇടക്കാല ജാമ്യം തുടരും

Jaihind Webdesk
Tuesday, October 22, 2024


ഡല്‍ഹി: നടന്‍ സിദ്ദിഖിന്റെ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.കേസില്‍ പരാതി വൈകാന്‍ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016 ലാണെന്നും കോടതി പറഞ്ഞു.അതെസമയം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത് സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ്.സിദ്ദിഖ് കോടതിയോട് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു.ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

മുതിര്‍ന്ന അഭിഭാഷകന്‍ വി .ഗിരിയാണ് സിദ്ദിഖിനായി ഹാജരായത്.പരാതിക്കാരിയുടെ അഭിഭാഷക സൂപ്പര്‍സ്റ്റാറിനെതിരെ പോകാന്‍ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കില്‍ വിഷയം ഉയര്‍ത്തിയിരുന്നുവെന്നും കോടതിയില്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ ഇന്നലെ സിദ്ദിഖ് ബലാത്സംഗക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായെന്നും ആയിരുന്നു സിദ്ദിഖിന്റെ സത്യവാങ്മൂലം.