തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മുഖ്യപ്രതി ഓസ്ട്രേലിയൻ പൗരനെന്ന് പോലീസ്. അതീവ സുരക്ഷാ വലയത്തിലുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്ന് പേരാണ് പിടിയിലായത്. മോഷണ സംഘം ഹരിയാന സ്വദേശികളാണ്. പിടിയിലായവരിൽ 2 സ്ത്രീകളും ഉണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് വ്യാഴാഴ്ചയാണ് സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥരും 200 ഓളം പോലീസ് ഉദ്യോഗസ്ഥരും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മുഖ്യപ്രതി ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറാണ്. ഇയാളുടെ കൂടെ രണ്ട് സ്ത്രീകളുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ സംഘം ക്ഷേത്രത്തിനുള്ളിൽ നിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ഉരുളി മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. അതേസമയം അതീവ സുരക്ഷയുള്ള മേഖലയിൽ നിന്നും മോഷണം പോയത് പോലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.