തെലങ്കാന: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി പുറത്തിറക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെന്‍സസ് നടത്തുക. ആ വാഗ്ദാനമാണ് കോണ്‍ഗ്രസ് നടപ്പിലാക്കുന്നത്. 60 ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍.
സര്‍വേ നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളില്‍ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെന്‍സസ് നടപ്പിലാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.