‘ഗവര്‍ണർ – മുഖ്യമന്ത്രി പോര് വെറും നാടകം’; മുഖ്യമന്ത്രി മൗനത്തിന്‍റെ മാളത്തിൽ ഒളിക്കുന്നുവെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Saturday, October 12, 2024

 

തൃശൂര്‍:  മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുപ്പോഴൊക്കെ ഗവർണർ പോര് തുടങ്ങും. എല്ലാകാര്യത്തിലും സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്നതാണെന്നും പറയാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനത്തിന്‍റെ മാളത്തിൽ ഒളിക്കുകയാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അറിയാതെയാണ് ഹിന്ദു ഇന്‍റർവ്യൂവിൽ എഴുതി ചേർത്തതെങ്കിൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും സതീശന്‍ ചോദിച്ചു. ഇതെല്ലാം സര്‍ക്കാരിന്‍റെ നാടകമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിന് പിന്നിലും സംഘപരിവാർ അജണ്ടയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടാക്കിയതാണ് ദേശീയ മാധ്യമങ്ങൾക്കുള്ള പ്രസ്താവനയും ഹിന്ദുവിന് നൽകിയ കൂട്ടിച്ചേർക്കലെന്നും സതീശന്‍ പറഞ്ഞു.

നവകേരള സദസിനെതിരെ പ്രതിഷേധിച്ചതിന് ആലപ്പുഴയിലെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചു വച്ചിരിക്കുമ്പോഴാണ് പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചത്. അതിന്‍റെ ദൃശ്യങ്ങള്‍ എല്ലാ മാധ്യമങ്ങളിലുമുണ്ട്. കേരളം മുഴുവന്‍ അതു കണ്ടതുമാണ്. അത് കാണാത്തത് കേരളത്തിലെ പോലീസ് മാത്രമാണ്. അവര്‍ സിപിഎമ്മിന്‍റെ അടിമക്കൂട്ടമാണെന്നും അതിനെതിരെ നിയമപരമായ മറ്റു നടപടികള്‍ നോക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.