ഒടുവിൽ ആശ്വാസം; ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി, ആകാശത്ത് വട്ടമിട്ടത് രണ്ടരമണിക്കൂറോളം

Jaihind Webdesk
Friday, October 11, 2024

 

ചെന്നൈ: രണ്ടര മണിക്കൂറുകളുടെ ആശങ്കയ്ക്ക് വിരാമമായി ട്രിച്ചിയിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വൈകിട്ട് 5.40നാണു ട്രിച്ചി വിമാനത്താവളത്തിൽനിന്നു വിമാനം പുറപ്പെട്ടത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു.

5:40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണമായത്. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. തിരിച്ചിറക്കാൻ കഴിയാതെ രണ്ടരമണിക്കൂറോളം  വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.

ലാൻഡിങ് ​ഗിയറിലെ തകരാറുകാരണായിരുന്നു ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡിജിസിഎ സാഹചര്യം നിരീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ലാൻഡിങ് ഗിയർ സാധാരണ നിലയിൽ തന്നെ തുറന്നതായും സാധാരണ രീതിയിൽ തന്നെ വിമാനം ലാൻഡ് ചെയ്തതായും മന്ത്രാലയം പിന്നീട് അറിയിച്ചു. 8.15 ഓടെ വിമാനം ട്രിച്ചിയിൽ ഇറക്കി. 8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്നു വിമാനം.