ഉദയംപേരൂരിൽ 73 പേർ സിപിഎം വിട്ട് കോൺഗ്രസിലേക്ക്; പാർട്ടി ശിഥിലീകരണത്തിന്‍റെ പാതയിലെന്ന് വി.ഡി. സതീശൻ

Jaihind Webdesk
Friday, October 11, 2024

 

എറണാകുളം: കേരളത്തിലെ സിപിഎം ശിഥിലീകരണത്തിന്‍റെ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.  ഉദയംപേരൂർ നടക്കാവിൽ വച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂരിൽ മുൻ ഏരിയ കമ്മിറ്റി മെമ്പർ ഉൾപ്പെടെ 50 ഓളം സിപിഎം പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. സമ്മേളനത്തിൽ ഹൈബി ഈഡൻ എംപി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എൽ. സുരേഷിന്‍റെ നേതൃത്വത്തിലാണ് സിപിഎം പ്രവർത്തകർ പാർട്ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽനിന്ന് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു.

എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണെന്നും മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി. പാർട്ടി തകർന്നെന്ന് ഭരണകക്ഷി എംഎൽഎ തന്നെ തുറന്നു പറയുന്നു.

സിപിഎമ്മും ബിജെപി ചെയ്യുന്നതുപോലെ സമൂഹത്തിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടപ്പെട്ടവർക്കായി പൂഴ്ത്തിവെച്ചു. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചു. അവസാന കാലഘട്ടങ്ങളിൽ ബംഗാളിൽ സിപിഎം എങ്ങനെയായിരുന്നോ അതുപോലെ കേരളത്തിലും മാറുകയാണെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞു.