‘മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരണ്ട’: വിലക്കേർപ്പെടുത്തി ഗവർണർ

Jaihind Webdesk
Friday, October 11, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാരിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ച ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും രാജ് ഭവനിലേക്ക് അയയ്ക്കാത്ത സർക്കാർ നിലപാടിനെതിരെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ വ്യക്തമാക്കി.

എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി  ഇവരെ വിലക്കുന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. അതേസമയം സര്‍ക്കാര്‍ രാജ്ഭവന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീരണം മനസ്സിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം. പക്ഷേ, അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഇന്ത്യൻ പ്രസിഡന്‍റിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ല. 27 ദിവസമായിട്ടും കത്തിനു മറുപടി നൽകിയില്ല. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ വ്യക്തമാക്കി.

സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതേക്കുറിച്ച് താൻ അന്വേഷിക്കുന്നത് തന്‍റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണോയെന്നും ഗവർണർ ചോദിച്ചു. ദേശവിരുദ്ധ പരാമർശത്തിൽ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ അയച്ച കത്തിൽ പരാമർശിച്ചതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.