സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം തന്നെ!,ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ഇല്ല; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

Jaihind Webdesk
Friday, October 11, 2024

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍മേല്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കെകെ രമ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും സ്പീക്കറുടെ വിവേചനം ചോദ്യം ചെയ്യുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അതെ സമയം നിയമസഭ സമ്മേളനം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിലെത്തി. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.