നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരും; പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ നടപടിയെ എതിര്‍ക്കുന്നുവെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Tuesday, October 8, 2024

 

തിരുവനന്തപുരം: സ്പീക്കര്‍ നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ പാര്‍ലമെന്‍ററി കാര്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നടപടിയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബാനറും പ്ലക്കാര്‍ഡും പിടിച്ചുവെന്നതാണ് പരാതി. 2024 ഒക്ടോബര്‍ ഏഴിനല്ല നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത്. നടുത്തളത്തില്‍ പ്രതിപക്ഷം ഇറങ്ങിയാല്‍ സാധാരണയായി സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് കക്ഷി നേതാക്കളെ ചര്‍ച്ചക്ക് വിളിക്കും. അങ്ങനെ എത്രയോ തവണ സഭ വീണ്ടും ചേര്‍ന്നിട്ടുണ്ട്.

എന്നാല്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനെ തയാറല്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ചര്‍ച്ച നടത്താനുള്ള ഒരു സമീപനവും സ്വീകരിക്കാതെ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണ്. ഇന്നലെ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ആളെ പോലും വിളിക്കാതെയാണ് സ്പീക്കര്‍ സഭാ നടപടികള്‍ അവസാനിപ്പിച്ചതെന്നും സതീശന്‍ ആരോപിച്ചു.

അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ നിന്നും സര്‍ക്കാരാണ് ഒളിച്ചോടിയത്. സ്പീക്കര്‍ നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും സഭയില്‍ മുദ്രാവാക്യം ഉയരും. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന പ്രമേയത്തെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.