‘എഡിജിപി ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അസൈന്‍മെന്റ്‌സ്; അജിത് കുമാറിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്

Jaihind Webdesk
Tuesday, October 8, 2024

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ഭരണപക്ഷത്തിനെതിരെ സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ അസൈന്റ്‌മെന്റ്‌സ് ആണ് എഡിജിപി ചെയ്തിരുന്നതെന്നും ഇത്രയൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും എഡിജിപി അവിടെ നില്‍ക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യമായി ഉന്നയിച്ചത് താനാണെന്നും എന്നാല്‍ ന്യായീരണത്തിന്റെ ഭാഗമായി എഡിജിപി സിപിഎമ്മുകാരനല്ലെന്നും പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള കൂടികാഴ്ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കില്‍ പട്ടില്‍ പൊതിഞ്ഞ ശകാരമെങ്കിലും നല്‍കാമായിരുന്നുവെന്നും പക്ഷെ കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇത് പ്രഹസനം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബിജെപി അധ്യക്ഷനെ കുഴല്‍പ്പണക്കേസില്‍ ഭരണപക്ഷം സഹായിച്ചെന്നും ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലുണ്ടായ കാലതാമസമാണ് കേസ് തള്ളി പോകാന്‍ കാരണമായതെന്നും സതീശന്‍ പറഞ്ഞു. ചാര്‍ജ് ഷീറ്റ് 17 മാസത്തിന് ശേഷം നല്‍കിയതിനാലാണ് നിങ്ങള്‍ ആരുടെ കൂടെയാണെന്ന് ചോദിക്കുന്നതെന്നും സതീശന്‍ സഭയില്‍ വ്യക്തമാക്കി.