തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മൈക്ക് ഓഫ് ചെയ്തു. പ്രസംഗത്തിനിടയില്‍ പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ബഹളത്തിനിടയാക്കി. അങ്ങയെപ്പോലെ അഴിമതിക്കാരന്‍ ആകരുതെന്ന് ദിവസവും പ്രാര്‍ഥിക്കുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായും ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കില്‍ ചോദ്യം ചോദിക്കുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. സഭയില്‍ ബഹളമുണ്ടായി. ഇക്കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി.അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആര്‍.വിവാദവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഏഴു ദിവസമാണ് സഭാസമ്മേളനം തുടരുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.ആര്‍ വിവാദം, സി.പി.എമ്മും ബി.ജെ.പി. അന്തര്‍ധാര, തൃശ്ശൂര്‍ പൂരം വിവാദം തുടങ്ങി നിരവധി വിഷയങ്ങള്‍ നില്‍ക്കേയാണ് സഭാ സമ്മേളനം.