‘പാലക്കാട് ബിജെപിക്ക്, ചേലക്കരയിൽ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും, കച്ചവടമുറപ്പിച്ചു’; ഡീലിന് പിന്നില്‍ എഡിജിപിയെന്ന് പി.വി. അന്‍വര്‍

Jaihind Webdesk
Sunday, October 6, 2024

 

മലപ്പുറം: മഞ്ചേരിയിലെ പൊതുസമ്മളേന വേദിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തി പി.വി.അൻവർ എംഎൽഎ. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാട്, ചേലക്കര സീറ്റുകളിൽ സിപിഎം-ബിജെപി ധാരണയായെന്ന് പി.വി. അൻവർ തുറന്നടിച്ചു. എഡിജിപി അജിത് കുമാർ ആണ് പ്ലാനിങ്ങിന് നേതൃത്വം നൽകിയിട്ടുള്ളത്. പാർലമെന്‍റിൽ ഒരു സീറ്റും നിയമസഭയിൽ ഒരു സീറ്റും എഡിജിപി ഹോൾസെയിലായി ഏറ്റിരിക്കുകയാണെന്നും അൻവർ ആരോപിച്ചു. ‘ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയം പ്രഖ്യാപിച്ച് കൊണ്ടുള്ള മഞ്ചേരിയിലെ പൊതുസമ്മേളനത്തിലാണ് പി.വി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാരിന് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ എല്ലാമുണ്ട്. അജിത് കുമാർ സ്വന്തം ആളാണെന്ന സൂചനയും അദ്ദേഹത്തിനെതിരെ റിപ്പോർട്ട് നൽകുമ്പോൾ സൂക്ഷിക്കണമെന്ന ധ്വനിയുമുണ്ടായിരുന്നു. എന്നാൽ, ഡിജിപി നൽകിയ റിപ്പോർട്ട് മറിച്ചായി. റിപ്പോർട്ട് പ്രകാരം അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നും അൻവർ പറഞ്ഞു.

‘‘തൃശൂർ പൂരം കലക്കുന്നതിന് എഡിജിപി അജിത് കുമാറിന്‍റെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ആ ഗൂഢാലോചന വഴിയാണ് ബിജെപിയ്ക്ക് ലോക്സഭാ സീറ്റ് കിട്ടിയത്. 30 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും നടപടി പ്രഖ്യാപിക്കുമെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് 32 ദിവസമായി. മുപ്പതാമത്തെ ദിവസം തന്നെ ഡിജിപി അന്വേഷണ റിപ്പോർട്ട് കൊടുത്തു. എന്നിട്ടും പിണറായി സര്‍ക്കാര്‍ ഒരു നടപടിയും എഡിജിപി അജിത്കുമാറിനെതിരെ എടുത്തില്ല”. അന്‍വറിന്‍റെ വാക്കുകള്‍.

തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് നല്‍കില്ലെന്ന് തീരുമാനിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രിയാവട്ടെ അതിന് വിപരീതമായി തൃശൂരില്‍ ബിജെപിക്ക് പരവതാനി വിരിച്ച് നല്‍കി. ഞാന്‍ ബിജെപിക്ക് അവസരം നല്‍കിയവരുടെ കൂടെ നില്‍ക്കണോ, ബിജെപിയുടെ വാതില്‍ അടച്ച സ്റ്റാലിന് ഒപ്പം നില്‍ക്കണോ? പാലക്കാട്ട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ചേലക്കരയില്‍ ബിജെപി തിരിച്ച് സിപിഎമ്മിന് വോട്ടു ചെയ്യാനാണ് ഡീല്‍. അജിത് കുമാറാണ് ഇടനിലക്കാരനെന്നും അന്‍വര്‍ ആരോപിച്ചു.

പി.വി അൻവർ സാമൂഹിക കൂട്ടായ്മയായ ‘ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള’ (ഡി.എം.കെ) യുടെ നയംപ്രഖ്യാപിച്ചു. മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഘടനയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലപ്പുറം- കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം, രണ്ട് എഫ്.ഐ.ആറുകളിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് നിന്ന് മാറ്റണം, എന്നിങ്ങനെപോകുന്നു ഡിഎംകെ യുടെ നയരേഖ.

മാറാൻ സമയമായി എന്ന തലക്കെട്ടോടെയാണ് അൻവർ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊതുയോഗങ്ങൾ പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ വിശദീകരിച്ചാണ് അൻവറിന്‍റെ പൊതുയോഗങ്ങൾ നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ പാലക്കാട്, കോഴിക്കോട് ഉൾപ്പെടെ മലബാറിലെ മറ്റു ജില്ലകളിലും പൊതുയോഗം നടത്തുമെന്ന് അൻവർ സൂചിപ്പിച്ചിരുന്നു. ശക്തമായ മഴ യായിരുന്നതിനാൽ സംഘാടകർ പ്രതീക്ഷിച്ച ജനം പരിപാടിക്കെതിയിരുന്നില്ല.