കോഴിക്കോട്: കെ.ടി. ജലീൽ എംഎൽഎക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ജലീല്‍ എന്ന് രാഹുല്‍ പരിഹസിച്ചു. ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ എന്നും ജലീൽ ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള ശ്രീ കെ.ടി ജലീലിന്റെ വാദങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? എന്തൊക്കെയാണ് അദ്ദേഹം വിളിച്ച് കൂവുന്നത്? ഒരു നാടിനെയും ഒരു സമുദായത്തെയും ഇകഴ്ത്തി, തങ്ങൾക്ക് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നഷ്ടമായ ഭൂരിപക്ഷ വോട്ടിനെ തിരിച്ച് പിടിക്കാൻ പി.ആർ ഏജൻസിയുടെ സഹായത്തോടെ ശ്രീ പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ശ്രീ ജലീൽ.
അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വർണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാർ വാദം തന്നെയാണ്. പാണക്കാട് തങ്ങൾ മതവിധി പുറപ്പെടുവിക്കണം എന്നൊക്കെ ശ്രീ ജലീൽ പറയുന്നത് അദ്ദേഹത്തിന്റെ ബോധമില്ലായ്മയിൽ നിന്നല്ല, തികഞ്ഞ ബോധത്തോടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ വേണ്ടിത്തന്നെയാണ്. CPM ന് വേണ്ടി നിലവിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ശ്രീ ജലീൽ വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കി തുടങ്ങും.
ചുരുക്കി പറഞ്ഞാൽ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് ജലീൽ. ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാൻ നേതാക്കൾ ഇടപെടില്ല കാരണം അവർക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവിൽ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ശ്രീ ജലീൽ നാടിന് ബാധ്യതയാകും.“