മുഖ്യമന്ത്രി പറഞ്ഞത് സംഘപരിവാര്‍ പറയാന്‍ ആഗ്രഹിച്ചക്കാര്യങ്ങള്‍; കുഴൽപ്പണക്കേസിൽ കെ. സുരേന്ദ്രനെ രക്ഷപ്പെടുത്തിയത് സർക്കാരെന്ന് വി.ഡി. സതീശൻ

Jaihind Webdesk
Saturday, October 5, 2024

 

കാസറഗോഡ്: സംഘ്പരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നത് മുഖ്യമന്ത്രിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്നും വി.ഡി. സതീശന്‍ പരിഹാസിച്ചു. സംസ്ഥാനത്തുടനീളമുള്ള സിപിഎം – ബിജെപി ബാന്ധവത്തിന്‍റെ ഭാഗമാണ് കെ. സുരേന്ദ്രനെതിരായ കേസിലെ വിധി. കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്‍റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം കേസ് തള്ളിയതിൽ സർക്കാരിനെ പഴിച്ചു.

കരുവന്നൂരിലെ അന്വേഷണവും എസ്എഫ്ഐഒ അന്വേഷണവുമൊക്കെ എവിടെ പോയെന്നും ചോദിച്ചു. സംഘപരിവാർ – സിപിഎം കൂട്ടുകെട്ട് ഇതിലൂടെ കൂടുതല്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി.ആര്‍ ഏജന്‍സിയെ കുറിച്ചുള്ള ചോദ്യത്തിനും അവ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറയാത്ത കാര്യമാണ് പിആര്‍ ഏജന്‍സി പത്രത്തിന് നല്‍കിയതെങ്കില്‍ ആ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സംഘപരിവാർ കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല. സിപിഎമ്മാണ് ലീഗിനെ കുറിച്ച് മാറ്റി പറയുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കുന്നതില്‍ പ്രാധാന പങ്ക് ലീഗ് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന കെ.ടി. ജലീലിന്‍റെ നിലപാട് സ്വാഗതാർഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.