പൂണെ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്രം നിർമിച്ച പ്രവർത്തകൻ പാർട്ടിവിട്ടു. 2021ലാണ് ഇയാൾ മോദിയുടെ ക്ഷേത്രം നിർമിച്ചത്. നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി താൻ ആത്മാർഥമായി പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ വിവിധ പദവികൾ സത്യസന്ധമായാണ് താൻ വഹിച്ചിരുന്നത്. എന്നാൽ, ആത്മാർഥമായി പ്രവർത്തിക്കുന്നവരെ അവഗണിക്കുകയാണ് ബിജെപി ചെയ്യുന്നത്. മറ്റുള്ള പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരെയാണ് ബിജെപി പരിഗണിക്കുന്നത്.
ബിജെപി എംഎൽഎമാർ സ്വന്തം സ്വാധീനം വർധിപ്പിക്കാനാണ് ഓഫീസ് ജോലിക്കാരെ നിയമിക്കുന്നത്. മുമ്പ് ഓഫീസിൽ ജോലി ചെയ്തിരുന്നവരെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തിരഞ്ഞെടുപ്പിന്‍റെ ഒരു പ്രവർത്തനങ്ങളിലും ഇവർ ഭാഗമായിട്ടില്ല. മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിലാണ് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനാൽ പാർട്ടിയുടെ മുഴുവൻ പോസ്റ്റുകളിൽ നിന്നും താൻ രാജിവെക്കുകയാണ്. രാജിക്കത്ത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണിത്. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ അതൃപ്തിയുളളവരുടെ എണ്ണവും വർധിക്കുകയാണ്.