ഡല്‍ഹി: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുന്‍ എംപി അശോക് തന്‍വാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് തന്‍വാറിന്റെ രാജി.
തുടര്‍ന്ന് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് റാലിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. നേരത്തെ മന്ത്രിയും മുന്‍ മന്ത്രിമാരും എംഎല്‍എയുമടക്കം 20 ലേറെ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം തീരും മുമ്പാണ് ബിജെപിക്ക് വീണ്ടും തിരിച്ചടി.
രൂക്ഷമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ദലിത് നേതാവിന്റെ രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയില്‍നിന്ന് കൂട്ട കൊഴിഞ്ഞുപോക്കാണ് ഉണ്ടായത്. സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളാണ് ബിജെപി വിട്ടത്. സെപ്റ്റംബര്‍ എട്ടിന്, മുന്‍മന്ത്രി ബച്ചന്‍സിങ് ആര്യയും ഏഴിന് മുന്‍ എംഎല്‍എ ബല്‍കൗര്‍ സിങ്ങും ബിജെപി വിട്ടിരുന്നു.
റാഠിയ എംഎല്‍എ ലക്ഷ്മണ്‍ നാപ്പ, മുന്‍ മന്ത്രിയും ഒബിസി മോര്‍ച്ചാ നേതാവുമായ കരണ്‍ ദേവ് കാംബോജ്, എന്നിവരും ബിജെപി വിട്ടിരുന്നു. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാപ പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.