തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിവാദങ്ങളുടെ ഘോഷയാത്രയ്ക്കിടെ 15 ആം കേരള നിയമസഭയുടെ 12 ആം സമ്മേളനത്തിന് തുടക്കമായി. വയനാട്, കോഴിക്കോട് നടന്ന ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു സഭാസമ്മേളനത്തിന് തുടക്കമായത്.
ഉരുള്‍പൊട്ടലില്‍ നാടിനെ വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അറിയിച്ചു. ദുരന്തമുഖത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സ്പീക്കള്‍ പുനരധിവാസത്തിന് വേണ്ട പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്നും വിമര്‍ശിച്ചു. സമാനതകളില്ലാത മഹാദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ സതീശന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശന് വിമര്‍ശിച്ചു.
എന്നാല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച മുഖ്യമന്ത്രി പുനരധിവാസത്തിനായി കേന്ദ്ര സഹായം നല്‍കാത്തതില്‍ യാതൊരു വിമര്‍ശനമോ എതിര്‍പ്പോ അറിയിച്ചതുമില്ല. ഇന്നത്തെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്ച വീണ്ടും ചേരും