തിരുവനന്തപുരം: സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള രഹസ്യ സഖ്യം പുറത്തുവന്നതിന്‍റെ ജാള്യത മറയ്ക്കാന്‍ കോണ്‍ഗ്രസുമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അതിന്‍റെ ഭാഗമാണ് കെപിസിസി ആസ്ഥാനത്തും വിവിധ ഡിസിസികളിലേക്കും ഡിവൈഎഫ് ഐ നടത്തിയ അക്രമാസക്തമായ പ്രകടനങ്ങളെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു.
സംഘപരിവാര്‍ അജണ്ട കേരളത്തില്‍ ഒളിച്ച് കടത്താനുള്ള നീക്കമാണ് സിപിഎമ്മും മുഖ്യമന്ത്രിയും ഏറ്റെടുത്തു നടപ്പാക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയെ സംരക്ഷിക്കുകയും മലപ്പുറം ജില്ലയെ പ്രത്യേക ഉദ്ദേശ്യത്തോടെ അവഹേളിക്കുകയും ചെയ്യുന്നതെല്ലാം അതിന് തെളിവാണെന്നും എം.ലിജു ചൂണ്ടികാട്ടി.
ആര്‍എസ്എസ് ബന്ധത്തിലൂടെ സിപിഎം അണികളിലുണ്ടാകുന്ന വലിയ ചോര്‍ച്ച ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി ആസൂത്രിത സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും സംഘപരിവാര്‍ ബന്ധത്തിലൂടെ ഇതുവരെ അവര്‍ ഉയര്‍ത്തിക്കാട്ടിയ മതേതരവാദം വെറും കപടമാണെന്ന് കേരളം തിരിച്ചറിഞ്ഞു. ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാന്‍ ആസൂത്രിതമായ രാഷ്ട്രീയ സംഘര്‍ഷമാണ് പോംവഴിയെന്ന തലതിരിഞ്ഞ സിപിഎമ്മിന്‍റെ ബുദ്ധിയില്‍ നിന്ന് ഉദിച്ച ആശയമാണ് കോണ്‍ഗ്രസ് ഓഫീസുകളിലേക്കുള്ള ഡിവൈഎഫ്‌ഐയുടെ പ്രകടനങ്ങളെന്നും എം.ലിജു പറഞ്ഞു.