ഇഎസ്ഐ ബില്ലിംഗ് തകരാർ പരിഹരിക്കണം : കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Thursday, October 3, 2024

 

ന്യൂഡല്‍ഹി: രാജ്യത്തെ ഇഎസ്ഐ ആശുപത്രികളിലെ ബില്ലിംഗ് വെബ്സൈറ്റിലെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കെ.സി വേണുഗോപാൽ എംപി കത്തു നൽകി.

UTIITSL-ന്‍റെ നിയന്ത്രണത്തിലുള്ള ESIC-യുടെ ബില്ലിംഗ് വെബ്‌സൈറ്റ് ഒരാഴ്ച കാലമായി പ്രവർത്തനരഹിതമാണ്. ഇതേത്തുടർന്ന് ഇഎസ്ഐ സ്കീമിന് കീഴിൽ ലഭിക്കുന്ന സേവനങ്ങളിൽ തടസ്സങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇഎസ്‌ഐ ആശുപത്രികളിലും എംപാനൽ ചെയ്ത ആശുപത്രികളിലും രോഗികൾ ചികിത്സയ്‌ക്കും മറ്റ് പരിശോധനയ്‌ക്കും പണമടക്കേണ്ട അവസ്ഥയിലാണെന്ന വസ്തുത കെ.സി വേണുഗോപാൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ബില്ലിംഗ് വെബ്സൈറ്റ് വഴി ഇഎസ്ഐ ഫണ്ടിൽ നിന്ന് ചികിത്സാ ചെലവുകൾ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റുന്നതാണ് സാധാരണ നടപടിക്രമം. എന്നാൽ, നിലവിലെ തകരാർ മൂലം ഈ സംവിധാനം പ്രവർത്തനരഹിതമായതോടെ ചികിത്സയ്‌ക്ക് സ്വന്തം കയ്യിൽ നിന്ന് പണം നൽകേണ്ട ഗതികേടിലാണ് ഇഎസ്ഐ ഗുണഭോക്താക്കളെന്ന് കെ.സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്, UTIITSL ബില്ലിംഗ് വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ വേണുഗോപാൽ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഗുണഭോക്താക്കൾക്ക് ഇഎസ്ഐ നിയമത്തിന് കീഴിൽ അർഹതപ്പെട്ട അവശ്യ ആരോഗ്യ സേവനങ്ങളിലേക്കും ആനുകൂല്യങ്ങളിലേക്കുമുള്ള ആക്‌സസ് തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെബ്‌സൈറ്റിന്‍റെ പ്രവർത്തനം പുനഃസ്ഥാപിക്കാനും കൂടുതൽ പ്രയാസങ്ങൾ ഗുണഭോക്താക്കൾക്ക് ഉണ്ടാവാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.