‘വീണയേയോ റിയാസിനേയോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പിക്കണം,കേരളത്തെ രക്ഷിക്കണം ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ

Jaihind Webdesk
Thursday, October 3, 2024

മലപ്പുറം: പിണറായി വിജയനെതിരെ വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രംഗത്ത്. ദ ഹിന്ദുവിന് അഭിമുഖം നല്‍കുന്നതിന് മുന്‍പേ തന്നെ മലപ്പുറത്തെക്കുറിച്ചുള്ള തന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നൂവെന്നും അത് ചര്‍ച്ചയായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നാടകമാക്കി മാറ്റുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ ഉണ്ടായിട്ടും പി. ആര്‍ ഏജന്‍സിക്കെതിരെയോ ഹിന്ദു പത്രത്തിനെതിരെയോ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു.

മുഖ്യമന്ത്രി ക്രിമിനലുകള്‍ എന്ന് ഉദ്ദേശിക്കുന്നത് ന്യൂനപക്ഷ സമുദായത്തെ മാത്രമാണെങ്കില്‍ അതല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ മലപ്പുറത്തുണ്ട്. ഇത് ഒരു ജില്ലയെ ഒന്നാകെ അപരവത്കരിക്കലാണ്. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. അതിനു പ്രയാസമാണെങ്കില്‍ മുഹമ്മദ് റിയാസിനേയോ വീണയേയോ സ്ഥാനം ഏല്‍പ്പിക്കാം. പ്രതിസന്ധിഘട്ടത്തില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തന്റെ നിരക്ഷരയായ ഭാര്യക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുനല്‍കിയിരുന്നു. എന്നാല്‍ വീണയ്ക്ക് അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. അവരെ ഏല്‍പ്പിക്കട്ടെ. ബാക്കി പാര്‍ട്ടി ഏറ്റെടുത്തോളും. പാര്‍ട്ടിക്ക് വീണയെ ജയിപ്പിക്കാന്‍ കഴിയും. അങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്താനുള്ള മഹാമനസ്‌കത കാണിക്കട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.