തിരുവനന്തപുരം: ‘ദ ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തില്‍ തപ്പിത്തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിആര്‍ വിവാദത്തില്‍ മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യനെ പഴിചാരി മുഖ്യമന്ത്രി. താനോ സര്‍ക്കോരോ ഒരു പിആര്‍ ഏജന്‍സിയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും ഒരു പൈസപോലും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവാദമായ മലപ്പുറം പരാമര്‍ശത്തെ സംബന്ധിച്ച വിവാദത്തിന് കൃത്യമായ ഒരു മറുപടി മുഖ്യമന്ത്രി നല്‍കിയതുമില്ല.
ദ ഹിന്ദു പത്രത്തില്‍ അഭിമുഖം നല്‍കണമെന്ന് സമീപിച്ചത് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ചെറുപ്പം മുതല്‍ അറിയാവുന്നയാളായതു കൊണ്ടും അയാളുടെ രാഷ്ട്രീയ നിലപാട് അറിയാവുന്നതു കൊണ്ടും അനുവാദം നല്‍കുകയായിരുന്നു. ഇതില്‍ പിആര്‍ ഏജന്‍സിയുടെ പങ്കുണ്ടെന്ന് അറിയില്ലായിരുന്നു. ഹിന്ദുവിന് ഒരു അഭിമുഖം നല്‍കുന്നത് വിഷമമുള്ള കാര്യമല്ല. അഭിമുഖത്തിന് ലേഖികകയ്ക്കൊപ്പം സുബ്രഹ്മണ്യനും എത്തിയിരുന്നു. ഒപ്പം മറ്റൊരാള്‍ കൂടി മുറിയില്‍ വന്നിരുന്നു. ഇയാള്‍ ആരാണെന്ന് അറിയില്ലായിരുന്നു. ലേഖികയ്ക്കൊപ്പം വന്നയാള്‍ എന്നാണ് കരുതിയത്. പിന്നീടാണ് എത്തിയത് പിആര്‍ ഏജന്‍സിയുടെ ആള്‍ എന്ന് അറിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലേഖികയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. എന്നാല്‍ അന്‍വറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ഒഴിവാക്കിയത്. വിശദമായി നേരത്തെ തന്നെ പറഞ്ഞതു കൊണ്ടാണ് ഈ ചോദ്യങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. അതില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഖേദപ്രകടനം നല്ല രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറയാത്ത വംശീയ പരാമര്‍ശം അച്ചടിച്ചതിന് എതിരെ ഹിന്ദുവിനെതിരെ കേസെടുക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി മുഖ്യമന്ത്രി പറഞ്ഞില്ല. മാധ്യമങ്ങള്‍ക്കിടയിലുള്ള പോരില്‍ തന്നെ ഭാഗമാക്കരുത് പറഞ്ഞ് ചിരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.
ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാതെ എങ്ങും തൊടാതെ പറഞ്ഞ് ഒഴിയുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴും പരിഹസിച്ചുള്ള ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍പ് സ്വീകരിക്കുന്ന അതേ നിലപാട് തന്നെയാണ് ഇന്നും മുഖ്യമന്ത്രി സ്വീകരിച്ചതും. അപ്പോഴും വിവാദപരമായ ചോദ്യങ്ങളും, ആരോപണങ്ങളും ശേഷിക്കുകയാണ്.