തിരുവനന്തപുരം: എന്‍സിപിയില്‍ എ.കെ.ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. തോമസ്.കെ.തോമസിനെ മന്ത്രിയാക്കണം എന്ന ആവശ്യം പാര്‍ട്ടി തീരുമാനമാക്കി മാറ്റാന്‍ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ആ ആവശ്യം തള്ളുക സിപിഎമ്മിനും ബുദ്ധിമുട്ടാകും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം വന്നേക്കും.
ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയെ പി.സി ചാക്കോയും മന്ത്രി ശശീന്ദ്രനും തോമസ് കെ തോമസും കാണുന്നുണ്ട്. ഇതോടെ മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം വരും. നിയമസഭാ സമ്മേളനം രണ്ടാഴ്ച നീളും. സഭാ സമ്മേളനത്തിനിടയ്ക്ക് മന്ത്രിമാറ്റം പതിവുള്ളതല്ല. മുഖ്യമന്ത്രിയും സിപിഎമ്മും കൈവിട്ടേക്കില്ല എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമൊന്നും അധികം കാലയളവില്ല. അതിനാല്‍ ഒരു മന്ത്രിമാറ്റം അംഗീകരിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്. മന്ത്രിമാറ്റം എന്‍സിപിയുടെ തീരുമാനം അനുസരിച്ച് ചെയ്യാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ നിലപാട് ശശീന്ദ്രന് തിരിച്ചടിയാണ്. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം എന്ന തീരുമാനം പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് തോമസ്.കെ.തോമസിന്റെ വാദം.